Wednesday, 25 November 2009

സാമ്പാര്‍ ചരിതം

.
സാമ്പാര്‍ എന്നാല്‍ മലയാളിക്ക് ഊണിനായലും ലഘുഭക്ഷണത്തിനായലും ഒരു പ്രധാനയിനം തന്നയാണ്. ആര്യഭവന്‍ ഹോട്ടലുകളില്‍ ചെന്നാല്‍ സാമ്പാറും കൂട്ടി രണ്ടു ഉഴുന്നുവട കഴിക്കാത്ത മലയാളികളുണ്ടാവില്ല. താലത്തിന്റെ വശത്തായ് ചെറുപാത്രങ്ങളില്‍ മുളകുചുട്ടെടുത്ത് അരച്ച തേങ്ങാചമ്മന്തിയും, അല്‌പം ചട്നിയും, സാമ്പാറും, ആവിപറക്കുന്ന ഇഡ്ഡലിക്കോ ദോശക്കോ അകമ്പടിയായ് എത്തുമ്പോള്‍, ഉച്ചക്കും വൈകിട്ടും ഊണിനൊപ്പം സാമ്പാര്‍ മലയാളിയുടെ ഇഷ്ട വിഭവമായ് തീന്മേശയിലെത്തുന്നു. ജാതിമത വ്യത്യാസമോ പ്രായഭേദമോ ഇല്ലാതെ എല്ലാ മലയാളികളും കഴിക്കുന്ന കറിയും സാമ്പാറുതന്നെ.

തെക്കെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സാമ്പാറും അതിന്‍റെ വകദേദങ്ങളുമുണ്ട്. എന്നാല്‍ കര്‍ണ്ണടകയെയും, ആന്ധ്രായേയും കേരളം പിന്നിലാക്കിയങ്കിലും, സാമ്പാര്‍ പ്രിയരില്‍ മുന്നില്‍ തമിഴര്‍തന്നെ. പരിപ്പ് വേവിച്ച്, ഉരുളകിഴങ്ങ്, സാവാള, വെണ്ടക്ക തുടങ്ങിയ പച്ചക്കറികള്‍ ഇട്ട് വേവിച്ച് കുറുകിയ സാമ്പാറാണ് സാധാരണയായ് കേരളത്തിലും, തമിഴ്‌നാട്ടിലും പ്രധാനം. ഏതങ്കിലും ഒരു പച്ചക്കറിമാത്രം ഉപയോഗിച്ച് വയ്ക്കുന്ന സാമ്പാറാണ് കര്‍ണ്ണാടകയിലും, ആന്ധ്രാപ്രേദേശിലും കൂടുതല്‍ പ്രചാരത്തിലുള്ളത്. വഴുതനങ്ങാ സാമ്പാര്‍, വെണ്ടക്ക സാമ്പാര്‍, റാഡിഷ് സാമ്പാര്‍ തുടങ്ങിയവയാണ് അവര്‍ക്ക് ഏറെ പ്രിയം.

ദക്ഷിണേന്ത്യന്‍ വിഭവമായാണ് സാമ്പാറിനെ കരുതുന്നതങ്കിലും, മഹാരാഷ്‌ട്രയിലാണ് സാ‍മ്പാറിന്‍റെ ഉത്ഭവം. മറാത്ത ചക്രവര്‍ത്തി ഛത്രപതി ശിവാജിയുടെ മകന്‍ സാംബാജി ഒരു ദിവസം കൊട്ടാരത്തില്‍ വന്നപ്പോള്‍ അവിടെ ഭാര്യയും മകനും ഇല്ലായിരുന്നു. വളരെ വിശപ്പുണ്ടായിരുന്ന സാംബാജി തന്റെ പാചക നൈപുണ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചു. ദാല്‍ എന്ന പരിപ്പുകറി ഉണ്ടാ‍ക്കാനാരംഭിച്ച സാംബാജി, പരിപ്പു വേവിച്ച് അതിലല്‍പ്പം പുളിയും, ഉപ്പും, എരിവും ചേര്‍ത്തു. സാംബാജിയുടെ ഈ ദാല്‍ കറിയാണ് രുചികരമായ സാമ്പാറായി പരിണമിച്ചത്. കച്ചവടത്തിനായ് പിന്നീട് തമിഴ്‌നാട്ടിലേക്ക് വന്ന മറാത്തികള്‍ സാംബാജിയുടെ ഈ പുതിയ ദാല്‍കറിയും തങ്ങളോടൊപ്പം കൊണ്ടുവന്നു. തഞ്ചാവൂരില്‍ വന്നുപോകുന്ന മറാത്തികളില്‍ നിന്നും തഞ്ചാവൂര്‍ തമിഴ് ബ്രാഹ്മണര്‍ സാംബാജിയുടെ ഈ ദാല്‍ക്കറിയില്‍ പലതരം പച്ചക്കറികളും കായവും ചേര്‍ത്ത് സവിശേഷമായ രുചിഭേദം ഉണ്ടാക്കിയെടുത്തു. അങ്ങനെ തഞ്ചാവൂരിലെ അഗ്രഹാരത്തെരുവുകളില്‍ നിന്നാണ് തെക്കെ ഇന്ത്യ മുഴുവന്‍ സാമ്പാര്‍ മണം പരന്നത്.

Thursday, 22 October 2009

റവ കേസരി

.
റവ വറുത്തത് 1 കപ്പ്
പാല്‍ 2 കപ്പ്
പഞ്ചസാര 1 കപ്പ്
ഏലക്കാപൊടി 1/2 സ്‌പൂണ്‍
അണ്ടിപരിപ്പ് 15 എണ്ണം
ഉണക്കമുന്തിരി 15 എണ്ണം
നെയ്യ് 3 ടീ സ്‌പൂണ്‍
കേസരി കളര്‍ ആവശ്യത്തിന്

ഫ്രയിംങ് പാനില്‍ നെയ്യ് ഒഴിച്ച് അതിലേക്ക് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ഇട്ട് വറുക്കുക. അതിലേക്ക് പാല്‍ ഒഴിച്ച് നന്നായി ഇളക്കി തിളപ്പിക്കുക. അതിനുശേഷം റവ അതിലേക്ക് തൂവുക. പകുതി വേവാകുമ്പോള്‍ പഞ്ചസാരയും ഏലക്കാ പൊടിയും കേസരി കളറും ചേര്‍ത്ത നന്നയി ഇളക്കുക. പാല്‍ വറ്റി റവ കുഴമ്പ് രൂപത്തിലാകുമ്പോള്‍ വാങ്ങി തണുക്കാന്‍ വയക്കുക. റവ കേസരി തയ്യാര്‍

Tuesday, 22 September 2009

വെജിറ്റബിള്‍ പുലാവ്‌

.
ചേരുവകകള്‍

ബിരിയാണി അരി - രണ്ട് കപ്പ്
ഗ്രീന്‍പീസ് - രണ്ട് ടേബിള്‍ സ്​പൂണ്‍
ബീന്‍സ് - മൂന്ന് എണ്ണം
കാരറ്റ് - 1എണ്ണം
തക്കാളി - 1എണ്ണം
ഉരുളക്കിഴങ്ങ് - 1എണ്ണം
സവാള - 1എണ്ണം
കുരുമുളക് - 10 എണ്ണം
കറുവപ്പട്ട - 1കഷണം
ഏലയ്ക്ക -4 എണ്ണം
ഗ്രാമ്പു - എണ്ണം
നെയ്യ് - 4 ടീസ്​പൂണ്‍
മഞ്ഞള്‍പ്പൊടി - 1 നുള്ള്
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

ബിരിയാണി അരി അരമണികൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു കഴുകി, വെള്ളം വാര്‍ത്ത് വാരി വയ്ക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് സവാള മൂപ്പിച്ച് അതില്‍ കുരുമുളക്, കറുവപ്പട്ട, ഏലക്ക, ഗ്രമ്പൂ എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് പച്ചക്കറികള്‍ അരിഞ്ഞതും ഗ്രീന്‍പീസും മഞ്ഞള്‍പ്പൊടിയും ഇട്ട് വഴറ്റുക. ഇതില്‍ 4 കപ്പ് വെള്ളമൊഴിച്ച് തിളയ്ക്കുമ്പോള്‍ കുതിര്‍ത്ത് വച്ചിരിക്കുന്ന അരി വാരിയിടുക. പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. അരമണിക്കൂര്‍ കൊണ്ട് വെജിറ്റബിള്‍ പുലാവ് റെഡി.

Friday, 28 August 2009

നേന്ത്രപ്പഴം ഹല്‍വ

.
ചേരുവകകള്‍

നേന്ത്രപ്പഴം - 500 ഗ്രാം
പഞ്ചസാര - 400 ഗ്രാം
പാല്‍ - 1 കപ്പ്
വെള്ളം - 2 കപ്പ്
ആട്ട -50 ഗ്രാം
റവ - 50 ഗ്രാം
ബദാം - 10 ഗ്രാം
കശുവണ്ടി - 20 ഗ്രാം
ഉണക്ക മുന്തിരി - 10 ഗ്രാം വീതം
ഡാല്‍ഡ/നെയ്യ് 50 ഗ്രാം

തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം ആവിയില്‍ പുഴുങ്ങി തൊലികളഞ്ഞ് മിക്സിയില്‍ നന്നായ് ഉടച്ചെടുക്കുക. പഞ്ചസാര വെള്ളത്തില്‍ ലയിപ്പിച്ച് നേന്ത്രപ്പഴവും പാലും ചേര്‍ത്ത് ഇളക്കി വയ്ക്കുക. റവയും ആട്ടയും വറുത്ത് വെയ്ക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് നന്നയ് ചൂടാക്കി, ബദാം പരിപ്പ്, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുക്കുക. അതിലേക്ക് നേന്ത്രപഴവും, പഞ്ചസാരയും പാലും ചേര്‍ത്ത് ഇളക്കിയ മിശ്രിതം ഒഴിച്ച് ചൂടാക്കുക. അതിനുശേഷം ആട്ടയും റവയും ഇട്ട് ഇളക്കി കുറുകുമ്പോള്‍ ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി അതിലേക്ക് പകര്‍ന്ന് തണുക്കാന്‍ അനുവദിക്കുക. നേന്ത്രപ്പഴം ഹല്‍‌വ റെഡി.

Wednesday, 26 August 2009

പാവക്ക പുളി കൂട്ട്‌

.
ചേരുവകകള്‍

പാവക്ക വലുത് - 1എണ്ണം
വാളന്‍ പുളി - 10 ഗ്രാം
പച്ചമുളക് - 2 എണ്ണം
ഇഞ്ചി - ഒരു ടീസ്​പൂണ്‍
സവാള വലുത് - 1എണ്ണം
ചെറിയ ഉള്ളി ചതച്ചത് - 5 എണ്ണം
വെളിച്ചെണ്ണ - 1 ടേബിള്‍സ്​പൂണ്‍
കടുക് - 1/2 ടീസ്​പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
കറിവേപ്പില - 2 തണ്ട്
തേങ്ങാ രണ്ടാം പാല്‍ - 1 കപ്പ്
കട്ടി തേങ്ങാപ്പാല്‍ - 1/2 കപ്പ്
ഉപ്പ് - പാകത്തിന്.
മഞ്ഞള്‍പൊടി - 1/2 സ്പൂണ്‍
മുളകുപൊടി - 1 സ്പൂണ്‍
മല്ലിപൊടി - 1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പച്ചമുളക്, ഇഞ്ചി, സവാള ചെറുതായ് അരിഞ്ഞെടുക്കുക. പാവക്ക അര ഇഞ്ച് നീളത്തില്‍ അരിഞ്ഞത് അല്‍‌പം ഉപ്പും മഞ്ഞളും പുരട്ടി 10 മിനുട്ട് വെക്കുക. അതിനുശേഷം നന്നായ് വെള്ളത്തില്‍ കഴുകി എടുക്കുക. പാവക്കയുടെ കയ്‌പ് കുറയണമന്നുള്ളവര്‍ പാവക്ക അല്പം മഞ്ഞളും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ പതിനഞ്ച് മിനുട്ട് ഇട്ടുവയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചണ്ണ ചൂടാക്കി കടുക് താളിച്ച്, വറ്റല്‍ മുളക്, കറിവേപ്പില, സവാള, ഇഞ്ചി, പച്ചമുളക്, ഉള്ളി ചതച്ചത്, കഴുകി വച്ചിരിക്കുന്ന പാവക്ക എന്നിവ ഒരു ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, മല്ലിപൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ച്, ഒന്നാം പാലും, പിഴിഞ്ഞെടുത്ത പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാത്രം അടച്ച് ചെറുതീയില്‍ വേവിക്കുക. പാവക്ക വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ കട്ടി തേങ്ങാപ്പാല്‍ ചേര്‍ത്ത് വീണ്ടും മൂന്നു മിനുട്ട് തിളപ്പിച്ച് അടുപ്പില്‍നിന്നും വാങ്ങുക. ചോറിനോടൊപ്പം വിളമ്പാവുന്ന നല്ല ഒരു സൈഡ് ഡിഷാണിത്.

Monday, 24 August 2009

ഓണ വിഭവങ്ങള്‍-ആമുഖം


മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണ് ഓണം. ഒരു നല്ല കാലത്തിന്റെ ഓര്‍മ്മപുതുക്കിയും, ഒരിക്കലും വരില്ലന്നറിഞ്ഞുകൊണ്ടുതന്നെ ആ സുവര്‍ണ്ണകാലം വീണ്ടും വരുമെന്നുപ്രതീക്ഷിച്ചും ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നു. ജന്മനാട്ടിലെ പൂക്കാലസുഗന്ധം സമ്മാനിക്കുന്ന ഓണം മറുനാടന്‍മലയാളികളെ സംബന്ധിച്ചിടത്തോളം കേരളത്തിലേക്കാള്‍ പ്രിയമാണ്. സ്‌നേഹം, സമൃദ്ധി, ഉത്സവം എന്നിവയുടെ ആഘോഷമാണ് ഓരോ മലയാളിക്കും ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്ന ഈ ഉല്‍സവത്തിന്റെ പ്രധാന ഇനങ്ങളിലൊന്ന് ഓണ സദ്യതന്നയാണ്. ഓണസദ്യയില്‍ നാടന്‍ വിഭവങ്ങളാണ് എന്നും ലോകത്തെവിടയുമുള്ള മലയാളികള്‍ വിളമ്പുന്നതും. അതിനാല്‍ നാളമുതല്‍ ഓണം വിഭവങ്ങള്‍ ഒരോന്നായി ഇവിടെ പോസ്റ്റുചെയ്യുന്നതാണ്. പരിപ്പ്, സാമ്പാര്‍, അവിയല്‍, ഓലന്‍, പച്ചടി, കിച്ചടി തുടങ്ങിയ നാടന്‍ വിഭവങ്ങളും പായസവും ഒപ്പം ഏത് അവസരത്തിലും വിളമ്പാവുന്ന ഡസേര്‍ട്ടായ ആപ്പിള്‍ ഹല്‍‌വയും ഇതില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. എല്ലാവര്‍ക്കും ഹ്യദയം നിറഞ്ഞ ആസംസകളോടെ

സസ്നേഹം
പ്രശാന്ത് ആര്‍ ക്യഷ്‌ണ

Saturday, 16 May 2009

ഫ്രൂട്ട് സലാഡ്


വളരെ വേഗത്തില്‍ അധികം ബുദ്ധിമുട്ടില്ലാതെ ഉണ്ടാക്കാവുന്ന ഒരു ഡെസേര്‍ട്ടാണ് ഫ്രൂട്ട് സലാഡ്. സാധാരണയായ് സെ‌ര്‍‌വ് ചെയ്യുന്ന ഐസ്‌ക്രീമും ഗുലാബ് ജാമും മറ്റുംഎല്ലാവര്‍ക്കും ഇഷ്ടമാകണമന്നില്ല. എന്നാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഫ്രൂട്ട്സലാട്. ബര്‍ത്തിഡേ പാര്‍ട്ടിക്കും വെഡ്ഡിങ് പാര്‍ട്ടിക്കും മറ്റും വളരെ യോജിച്ച ഒരു വിഭവമാണിത്.

ചേരുവകകള്‍

ആപ്പിൾ - 1 എണ്ണം
മുന്തിരിങ്ങ - 20 എണ്ണം.
ഓറഞ്ച് - 1 എണ്ണം
പൈനാപ്പിൾ - 1 ചെറിയ കഷണം
പൂവന്‍ പഴം - 1 എണ്ണം
പാൽ - 1 ലിറ്റർ.
കസ്റ്റേർഡ് പൗഡർ - 7 ടീസ്പൂൺ
പഞ്ചസാര - 12 ടീസ്പൂൺ.
അണ്ടിപ്പരിപ്പ് - 10 എണ്ണം.
ചെറി പഴം - 10 എണ്ണം

തയ്യാറാക്കുന്ന വിധം

ആപ്പിള്‍, ഓറഞ്ച്, പൂവന്‍ പഴം എന്നിവ ചെറിയ കളണങ്ങളാക്കി ഫ്രിഡ്ജില്‍ തണുക്കാന്‍ വച്ചശേഷം കസ്റ്റേർഡ് പൗഡർ അല്പം പാല് ചേർത്ത് പേസ്റ്റാക്കുക. ബാക്കിയുള്ളപാല്‍ തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് ഒരു മിനുട്ട് സമയം വെച്ചതിനുശേഷം കസ്റ്റേർഡ് പേസ്റ്റ് അതിലിട്ട് ഇളക്കി മൂന്നു മിനുട്ടു നേരം തുറന്ന് വയ്ക്കുക. മിശ്രിതം ഒന്നുകൂറുകിയിട്ടുണ്ടാകും. ഇല്ലങ്കില്‍ അടുപ്പത്ത് വച്ച് ചെറുതായി ചൂടാക്കി ഒന്നുകൂടി കുറുക്കി വാങ്ങുക. അതിനുശേഷം കുറുകിയ മിശ്രിതം പാത്രം തുറന്നു വച്ച് നന്നായി തണുപ്പിച്ച് അതിലേക്ക് മുറിച്ചുവെച്ച പഴങ്ങള്‍ ഇട്ട് ഇളക്കി ഫ്രിഡ്ജിൽ തണുക്കാൻ വയ്ക്കുക. ഇതോടൊപ്പം തന്നെ അണ്ടിപരിപ്പും, ചെറിപഴവും മറ്റൊരു പാത്രത്തില്‍ ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കുക. നന്നായി തണുത്തു കഴിഞ്ഞ് ഐസ്‌ക്രീം കപ്പുകളില്‍ പകര്‍ന്ന് അണ്ടിപരിപ്പും ചെറിപഴവും വച്ച് അലങ്കരിച്ച് സെര്‍‌വ് ചെയ്യാം.

N.B: ഇതുകൂടാതെ ഇഷ്ടമുള്ള മറ്റ് പഴങ്ങളും ഉപയോഗിക്കാവുന്നതാണ്. തണ്ണിമത്തന്‍ ഒഴിവാക്കുക. പൂവന്‍ പഴം ഇല്ലങ്കില്‍ ചെറുപഴം ഉപയോഗിക്കാം. ഫ്രീസറില്‍ തണുക്കാന്‍ വെയ്ക്കുമ്പോള്‍ ഇടക്ക് ഇളക്കികൊടുക്കുക, ഇല്ലങ്കില്‍ കട്ടപിടിച്ചുവന്നു വരാം.

Sunday, 12 April 2009

പാലട പ്രഥമന്‍


പാലട പ്രഥമന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകുമോ? ഇല്ലന്നാണ് എന്റെ പക്ഷം. ഓണസദ്യയുടെ പ്രധാന വിഭവങ്ങളില്‍ ഒന്നായ പാലടതന്നയാവട്ടെ സരസപാചകത്തിലെ വിഷു സ്പെഷ്യല്‍.

ചേരുവകകള്‍

പാലട - 1/4 കപ്പ്
പാല്‍ - 4 കപ്പ്
വെള്ളം - 2 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക് - 1 കപ്പ്
പഞ്ചസാര - 1/2 കപ്പ്
നെയ്യ് - 2 ടീ. സ്പൂണ്‍
അണ്ടിപരിപ്പ് - 5 എണ്ണം
ഉണക്ക മുന്തിരി - 10 എണ്ണം
ഏലക്ക - 3 എണ്ണം

തയ്യാറാക്കുന്ന വിധം

മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് അതില്‍ അട ഇട്ട് മുപ്പത് മിനുട്ട് നേരം അടച്ചുവക്കുക. ചൂടാക്കിയ നെയ്യില്‍, പിളര്‍ന്ന അണ്ടിപരിപ്പിട്ട് ചൂടാക്കുക. അതിലേക്ക് മുന്തിരിങ്ങയിട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍, പോടിച്ച ഏലക്കായ് കൂടി ചേര്‍ത്ത് ചൂടാക്കുക. വെള്ളം വാര്‍ത്ത് കളഞ്ഞ അട ഇതിലേക്കിട്ട് അഞ്ച് മിനുട്ട് നേരം ഫ്രൈ ചെയ്യുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ പാലും വെള്ളവും ചേര്‍‍ത്ത് തിളപ്പിക്കുക. അതിലേക്ക് വേവിച്ച അട ഇട്ട്, തീ ജ്വാല കുറച്ച് നന്നായി ഇളക്കുക. വെള്ളവും പാലും 2/3 കുറയുന്നതുവരെ ഇളക്കി ഏതാണ്ട് ഒരു മണിക്കൂറോളം അട നന്നായി വേവിക്കുക. പിന്നീട് കണ്ടന്‍സ്‌ഡ് മില്‍ക്കുകൂടി ഒഴിച്ച് ഏഴുമിനുട്ട് നേരം കൂടി വേവിച്ച് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങുക. പാലട പ്രഥമന്‍ തയ്യാര്‍.

Tuesday, 17 March 2009

ഓലന്‍


ഓലോനൊന്നുമതി എന്തിനു നൂറുകൂട്ടാന്‍ എന്ന് മലയാളത്തില്‍ ഒരു ചൊല്ലുതന്നയുണ്ട്. കേരള വിഭവങ്ങളിലെ മിതവാദി എന്നാണ് ഓലനെ പറയാറുള്ളത്. കാളന്റെ ശക്‌തികുറക്കാനാണ് ഓലന്‍ എന്നാണ് വയ്‌പ്. മറ്റുകറികളുടെ സ്വാദ് ആസ്വദിക്കണമങ്കില്‍ ഓലന്‍ കൂട്ടി നാക്ക് ശുദ്ധി ആക്കണമന്നാണ് എന്റെ അമ്മമ്മ പറയാറ്.

ചേരുവകകള്‍

കുമ്പളങ്ങ - 100 ഗ്രാം
മത്തങ്ങ - 100 ഗ്രാം
പച്ചമുളക് - 4 എണ്ണം
വന്‍‌പയര്‍ - 1 ടേ. സ്പൂണ്‍
തേങ്ങപാല്‍ - 1/2 കപ്പ് (ഒന്നാം പാല്‍)
തേങ്ങപാല്‍ - 1/4 കപ്പ് (രണ്ടാം പാല്‍)
ഉപ്പ് - ആവശ്യത്തിന്
വെളിച്ചണ്ണ - 1 ടേ. സ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

കുമ്പളങ്ങയും മത്തങ്ങയും തിലികളഞ്ഞ് ചെറിയ കഷണങ്ങളാക്കുക. വന്‍പയര്‍ ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴുകി വ്യത്തിയാക്കി വയ്‌ക്കുക. വന്‍പയറും, മത്തങ്ങയും കുമ്പളങ്ങയും ആവശ്യത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ വേവിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പുചേര്‍ത്തിളക്കി, പച്ചമുളക് രണ്ടായി കീറി ഇടുക. തേങ്ങയുടെ ഒന്നാം പാല്‍ ഒഴിച്ച് ചൂടക്കുക. കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ കൂടിചേര്‍ത്ത് ചൂടാക്കുക. തീയില്‍ നിന്നും വാങ്ങി വെളിച്ചണ്ണ ഒഴിച്ച് കറിവേപ്പിലയും തൂകി നന്നായി ഇളക്കുക.

കുറിപ്പ്: ഒന്നാം പാല്‍ എന്നാല്‍ വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞെടുക്കുന്ന തേങ്ങാപാല്‍. രണ്ടാം പാല്‍ അല്പം വെള്ളം ഒഴിച്ച് പിഴിഞ്ഞെടുക്കുന്നത്. പണ്ട് ഓലനില്‍ തേങ്ങപാലും വന്‍പയറും ഉപയോഗിച്ചിരുന്നില്ല. കുമ്പളങ്ങ, മത്തങ്ങ, പച്ചമുളക് എന്നിവ അല്പം പച്ചവെളിച്ചണ്ണയും ഒപ്പും ചേര്‍ത്ത് വേവിച്ച് എടുക്കുന്ന വിഭവം ആയിരുന്നു.

സരസപാചകം-നാട്ടുപച്ച-ഓലന്‍

Wednesday, 11 March 2009

അവിയല്‍


അവിയല്‍ പരുവം, അവിയലു മാതിരി എന്നൊക്കെ കുറ്റപെടുത്തി പറയാറുണ്ടങ്കിലും അവിയല്‍ എന്ന കേരള വിഭവം ഇഷ്‌ടമല്ലാത്ത മലയാളികള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ചേന, ചേമ്പ് മുതലായ കിഴങ്ങുവര്‍ഗ്ഗങ്ങളും പടവലങ്ങ, കോവയ്‌ക്ക, മത്തങ്ങ തുടങ്ങിയ പച്ചകറികളും അവിയലില്‍ പ്രാദേശികമായ് ഉപയോഗിച്ചുകാണാറുണ്ട്. ഇങ്ങനെ പലരീതിയിലും അവിയല്‍ ഉണ്ടാക്കാറുണ്ടങ്കിലും ഏറ്റവും സരസമായ ഒരു രീതിയാണ് ഇത്.

ചേരുവകകള്‍

ഉരുളകിഴങ്ങ് -2 എണ്ണം
മുരിങ്ങക്ക - 2 എണ്ണം
കാരറ്റ് - 1എണ്ണം
ബീന്‍സ് - 5 എണ്ണം
അമരക്ക - 6 എണ്ണം
പച്ചമുളക് - 5 എണ്ണം
കറിവാഴക്ക - 1 എണ്ണം
കറിവേപ്പില - 2 തണ്ട്
വാളന്‍ പുളി വെള്ളം - 1 ടീസ്പൂണ്‍
വറ്റല്‍ മുളക് - 1 എണ്ണം
ജീരകം - 1/2 ടീസ്പൂണ്‍
വെളുത്തുള്ളി - 3 അല്ലി
തേങ്ങചിരവിത് - 4 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരുനുള്ള്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചണ്ണ - 3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പച്ചകറികള്‍ വ്യത്തിയാക്കി ചെറു വിരളിന്റെ നീളത്തില്‍ അരിഞ്ഞ് അല്പം വെള്ളവും, മഞ്ഞള്‍പൊടിയും, പുളിയും ചേര്‍ത്ത് വേവിക്കുക. വറ്റല്‍ മുളകും, തേങ്ങയും ജീരകവും വെളുത്തുള്ളിയും അരച്ച് എടുക്കുക. തേങ്ങ ഒരുവിധം നന്നായ് ചതഞ്ഞാല്‍ മതി. വേവിച്ച പച്ചകറിയിലേക്ക് അരപ്പും കറിവേപ്പിലയും ചേര്‍ത്ത് നന്നായ് യോജിപ്പിച്ച് വേവിക്കുക. വെളിച്ചണ്ണ ഒഴിച്ച് ചൂടാക്കി വാങ്ങുക. അവിയല്‍ തയ്യാര്‍.

സരസപാചകം-നാട്ടുപച്ച-അവിയല്‍

Sunday, 8 March 2009

പൈനാപ്പിള്‍ പച്ചടി


ചേരുവകകള്‍


പൈനാപ്പിള്‍ -2 കപ്പ്
മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തേങ്ങചിരവിയത് - 2 കപ്പ്
ചുവന്ന മുളക് - 1എണ്ണം
വെളിച്ചണ്ണ - 2 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ചുവന്നമുളക് - 3 എണ്ണം (ഓരോന്നും 6 കഷണങ്ങളാക്കുക)
കറിവേപ്പില - ഒരുതണ്ട്
കടുക് ചതച്ചത് - 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പൈനാപ്പിള്‍ അര ഇഞ്ച് വലിപ്പമുള്ള കഷണങ്ങള്‍ ആക്കിയതാവണം. തേങ്ങചിരവിയതും മുളകുംകൂടി നന്നായി അരച്ചെടുക്കുക. പൈനാപ്പിള്‍ മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിച്ചെടുക്കുക. വെളിച്ചണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും കഷണങ്ങളാക്കിയ മുളകും ഇട്ട് മൂപ്പിക്കുക. അരച്ചതേങ്ങ ഇട്ട് നന്നായി ചൂടാക്കിയ ശേഷം വേവിച്ച പൈനാപ്പിള്‍ ഇട്ട് ചെറുതായി ഇളക്കുക. അരപ്പ് നന്നായി കുറുകുമ്പോള്‍ ചതച്ച കടുക് തൂവി വാങ്ങുക. പച്ചടി തയ്യാര്‍.

സരസപാചകം-നാട്ടുപച്ച-പൈനാപ്പിള്‍ പച്ചടി

Friday, 16 January 2009

അവല്‍ മധുരം.


പലതരത്തില്‍ അവല്‍ മധുരം വീടുകളില്‍ ഉണ്ടാക്കാറുണ്ട്. കാപ്പി സല്‍ക്കാരത്തിന് ഉപയോഗിക്കുന്ന അവല്‍ മധുരം ഉണ്ടാക്കുന്ന വിധമാണ് ഇവിടെ പറയുന്നത്.

ചേരുവകകള്‍

നാടന്‍ അവില്‍ - 4 കപ്പ്
കടലപരിപ്പ് - 1/2 കപ്പ്
ശര്‍ക്കര - 2 കപ്പ്
തേങ്ങ - 1 എണ്ണം
ഏലയ്ക്ക- 10 എണ്ണം തൊലി കളഞ്ഞ് പൊടിച്ചത്.
ജീരകം പൊടിച്ചത് - 1/2 ടീസ്പൂണ്‍

തേങ്ങ ചെറുതായി ചിരവി വെയ്ക്കുക. കടലപരിപ്പ് അല്പം നെയ്യില്‍ വറുത്തുകോരുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ചെറുതീയില്‍ ശര്‍ക്കര പാവ് കാച്ചുക. ഒരു വിധം നന്നായ് കുറുകുമ്പോള്‍ തേങ്ങ, ഏലയ്‌ക്കാപ്പൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി‍ യോജിപ്പിച്ച് വാങ്ങുക. അതിനു ശേഷം അവലും വറുത്തുവച്ച കടലപരിപ്പും ഇട്ട് യോജിപ്പിക്കുക. അവല്‍ മധുരം തയ്യാര്‍.

Wednesday, 14 January 2009

സാമ്പാര്‍


ദക്ഷിണേന്ത്യന്‍ വിഭവമായ സാമ്പാര്‍ തമിഴ്‌നാടിന്റെ സംഭാവനയാണ്. പല സ്ഥലങ്ങളില്‍ പലതരത്തില്‍ ഉണ്ടാക്കാറുണ്ട്. ഇവിടെ പറയുന്നത് ചോറിനൊപ്പം കറിയായ് കഴിക്കുന്ന തരമാണ്.

ചേരുവകകള്‍

തുവരപ്പരിപ്പ് - 4 ടീ സ്പൂണ്‍
ഉരുളക്കിഴങ്ങ് - വലുത് 1
സവാള - വലുത് 1
പച്ച തക്കാളി - ചെറുത് 3
വെണ്ടക്ക- 4
മുരിങ്ങാക്കായ - 2
പച്ചമുളക് - 5 എണ്ണം
ഇമ്പുളി/പിഴുപുളി - നെല്ലിക്ക വലുപ്പത്തില്‍
സാമ്പാര്‍ പൗഡര്‍ - 3 ടീ സ്പൂണ്‍
കായം/കായപൊടി- ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്.

ഉരുളകിഴങ്ങ 16 കഷണങ്ങളായും സവാള 8 തക്കാളിയും വെണ്ടക്ക 4 കഷണങ്ങളായും മുറിക്കുക. മുരിങ്ങകായ ചെറുവിരലിന്റെ വലുപ്പത്തില്‍ മുറിച്ച് രണ്ടായി കീറുക. പച്ചമുളക് രണ്ടായി കീറുക.

തുവരപ്പരിപ്പ് പകുതി വേവാകുമ്പോള്‍, ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങാക്കായ വെണ്ടക്ക തക്കാളി പച്ചമുളക് എന്നിയിട്ട് പുളി വെള്ളംവും ആവശ്യമായ ഉപ്പും ഇട്ട് വേവിക്കുക. അതിനു ശേഷം സാമ്പാര്‍ പൗഡറും കായവും ഇട്ട് നന്നായി തിളപ്പിച്ച്ടുക്കുക. കടുകും വറ്റല്‍ മുളക് പൊട്ടിച്ചതും, കറിവേപ്പിലയും വെളിച്ചെണ്ണയില്‍ താളിച്ച് ഒഴിക്കുക. സാമ്പാര്‍ റെഡി

Tuesday, 13 January 2009

പച്ചത്തക്കാളിച്ചമ്മന്തി


എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കവുന്ന ഒരു വിഭവമാണ് പച്ചത്തക്കാളിച്ചമ്മന്തി. പലസ്ഥലങ്ങളില്‍ പലവിധത്തില്‍ ഉണ്ടാക്കാറുണ്ട്.


പച്ചത്തക്കാളി- 3 എണ്ണം
വെളുത്തുള്ളിയല്ലി - 3 എണ്ണം
ചുവന്നുള്ളി-3 എണ്ണം
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - ഒരു തണ്ട്
തേങ്ങ- 3 ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്

പച്ച തക്കാളി കഴുകിയെടുത്ത് ഓരോന്നും പന്ത്രണ്ട് കഷണങ്ങളാക്കി മുറിക്കുക. തക്കാളിയും മറ്റു ചേരുവകകളും കൂടി കുറച്ച് പാചകയെണ്ണയൊഴിച്ച് ഒരു മിനിട്ടു നേരം ചെറുതീയില്‍ വഴറ്റുക. ഉപ്പും, തേങ്ങയും വെള്ളം ചേര്‍ക്കാതെ അരച്ചതിനുശേഷം, വഴറ്റിവച്ച ചേരുവകകള്‍ കൂടി അരച്ച തേങ്ങയുമായ് മിക്സ്ചെയ്ത് നന്നായ് അര‍ച്ച് എടുക്കുക.

N.B: പച്ചമുളകിനു പകരം ചുവന്നമുളകും ഉപയോഗിക്കവുന്നതാണ്

Sunday, 11 January 2009

ഗോപീമഞ്ചൂരിയന്‍


പ്രത്യേകിച്ച് യാതൊരു വിധ വിഭവങ്ങളോടും അമിത പ്രിയം ഇല്ലങ്കിലും ഏറ്റവും ഇഷ്‌ടപ്പെട്ട ഡിഷ് ഏതന്ന ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടപ്പോള്‍ എന്നും നാവില്‍ വരുന്ന വിഭവം ഗോപീമഞ്ചൂരിയന്‍ ആണ്. അതുകൊണ്ട് നളപാചകത്തിലും ആദ്യം ഗോപീമഞ്ചൂരിയന്‍ തന്നെ ആകട്ടെ.

ചേരുവകകള്‍

കോളിഫ്ലവര്‍ - 1 എണ്ണം.
മൈദ - 1/2കപ്പ്.
കോണ്‍ഫ്ലോര്‍ - 1/2 കപ്പ്.
സവാള - 4 എണ്ണം.
വെളുത്തുള്ളി - 12 അല്ലി.
ഇഞ്ചി - ഒരു ചെറിയ കഷണം.
ടൊമാറ്റോ സോസ് - 3 ടീസ്പൂണ്‍.
സോയ സോസ് - 3 ടീസ്പൂണ്‍.
ചില്ലി സോസ് - 3 ടീസ്പൂണ്‍.
പച്ചമുളക് - 4 എണ്ണം.
മല്ലിപ്പൊടി - 1/2 ടീ സ്പൂണ്‍
മുളകുപൊടി - 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു നുള്ള്
എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
മല്ലിയില അരിഞ്ഞത് - ആവശ്യത്തിന്

സവാള കനം കുറച്ച് അരിഞ്ഞെടുക്കുക. വെളുത്തുള്ളിയും ഇഞ്ചിയും കൊത്തിയരിയുക. പച്ചമുളക് വട്ടത്തില്‍ ചെറുതയി അരിഞ്ഞെടുക്കുക.

അല്‍പം ഉപ്പിട്ട ഇളം ചൂടുവെള്ളത്തില്‍ കോളിഫ്ലവര്‍ അടര്‍ത്തിയിട്ട് വൃത്തിയാക്കിയെടുക്കുക. മൈദയും, കോണ്‍ഫ്ലോറും,അല്പം മുളകുപൊടിയും, മഞ്ഞള്‍പൊടിയും, ഉപ്പും ഇളം ചൂടുവെള്ളം ചേര്‍ത്ത് യോജിപ്പിച്ച് കുഴമ്പുപരുവത്തിലാക്കുക.കോളിഫ്ലവര്‍ ഇതില്‍ മുക്കി തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കുക.

കുറച്ച് എണ്ണ ചൂടാക്കി, ഇഞ്ചി, പച്ചമുളക്, സവാള എന്നിവയിട്ട് വഴറ്റുക. സവാള നല്ല ബ്രൗണ്‍ കളറാകുമ്പോള്‍ തീ കുറച്ച് മുളകുപൊടിയും മല്ലിപൊടിയും ചേര്‍ത്ത് പച്ചചുവ പോകുന്നപരുവം വരെ ചൂടാക്കിയ ശേഷം സോസുകള്‍ ചേര്‍ക്കുക.

വറുത്തുവെച്ച കോളിഫ്ലവര്‍ ഇതില്‍ ഇട്ട് യോജിപ്പിച്ച് ചൂടാക്കി വാങ്ങി വെയ്ക്കുക. മുകളില്‍ മല്ലിയില തൂവി ചെറുചൂടോടെ ടൊമാറ്റോ സോസ് ചേര്‍ത്ത് കഴിക്കാം.

N.B: ഫ്രൈഡ്-റൈസിന്റെ കൂടെ കഴിക്കവുന്ന നല്ല ഒരു ഡിഷാണ് ഇത്.

Saturday, 10 January 2009

സ്‌നേഹപൂര്‍‌വ്വം അമ്മക്ക്


ജീവിതത്തില്‍ എപ്പോഴങ്കിലും ഒറ്റക്കോ അല്ലങ്കില്‍ സുഹ്യത്തുക്കള്‍ക്കൊപ്പമോ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും അകന്ന് ജീവിക്കേണ്ടി വരുന്നവരാണ് അധികം യുവാക്കളും. അങ്ങനെയുള്ള ദിവസങ്ങളില്‍ എന്നും മുന്നില്‍ കീറാമുട്ടിയായ് നില്‍ക്കുന്ന ഒന്നാണ് പാചകം. എന്നും എപ്പോഴും ഹോട്ടല്‍ ഭക്ഷണം കഴിക്കുക എന്നത് അത്ര പ്രായോഗികമല്ല. സ്വന്തമായ് പാചകം ചെയ്താല്‍ രണ്ടു നേട്ടങ്ങളാണ്. ധനലാഭവും അരോഗ്യകരമായ ഭക്ഷണവും.

ഏതാണ്ട് പന്ത്രണ്ടിലേറെ വര്‍ഷങ്ങളായ് പലനഗരങ്ങളിലും, പട്ടണങ്ങളിലും, രാജ്യങ്ങളിലുമായ് താമസിക്കുന്ന എനിക്ക് പാചകം ഒരിക്കലും ഒരു വിഷമം ആയി തോന്നിയിട്ടില്ല. നന്നേ ചെറുപ്പത്തില്‍ തന്നെ അടുക്കളയില്‍ അമ്മയുടെ സഹായി ആയി കൂട്ടി ഞങ്ങള്‍ മക്കള്‍ മൂന്നുപേരയും അത്യാവശ്യം പാചകം അമ്മപഠിപ്പിച്ചുതന്നു. അന്നൊക്കെ അമ്മയോടൊപ്പം അടുക്കളയില്‍ ചിലവഴിക്കുക എന്നത് ഒട്ടും ഇഷ്ടമില്ലാതിരുന്ന കാര്യമായിരുന്നു. എന്നാല്‍ പിന്നീട് മനസ്സിലായി രണ്ടു രീതിയിലുള്ള വിദ്യാഭ്യാസമാണ് ഞങ്ങള്‍ക്ക്
അമ്മ തന്നത് എന്ന്. Education for Life and Education for live. ഇതില്‍ ആദ്യത്തേത് സ്‌കൂളിലും കോളജിലും അയച്ച് പഠിപ്പിച്ചുതന്നപ്പോള്‍ രണ്ടാമത്തെത് വീട്ടില്‍ വച്ച് അമ്മതന്നെ പഠിപ്പിച്ചുതന്നു.

ആത്മീയതയും ലൗകികതയും ഇഴപിരിച്ച് അന്ന് അമ്മപഠിപ്പിച്ചുതന്ന പാഠങ്ങള്‍ ജീവിതത്തില്‍ പ്രതിസദ്ധികളെ പുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ ഞങ്ങളെ പ്രാപ്‌തരാക്കി എന്നത് എന്നും അമ്മയോടുള്ള സ്‌നേഹത്തിന് മാറ്റുകൂട്ടുന്നു. അന്ന് അടുക്കളയില്‍ നിന്നും അമ്മ പറഞ്ഞുതന്ന ചില പാചകവിധികള്‍ ഞാന്‍ ഇവിടെ പങ്കുവയക്കാന്‍ ആഗ്രഹിക്കയാണ്.


സമര്‍പ്പണം

-എന്നും സ്‌നേഹത്തില്‍ ചാലിച്ച പൊതിചോറുകളും അച്ചാറുംകളും ചമ്മന്തിപൊടിയും ഒക്കെ നിറച്ച ബാഗ് എടുത്ത് കൈയ്യില്‍ പിടിപ്പിച്ചു സന്തോഷത്തോട ഓരോ അവധിക്കാലംകഴിയുമ്പോഴും യാത്രയാക്കുന്ന എന്റെ അമ്മക്ക് -