Friday 28 August 2009

നേന്ത്രപ്പഴം ഹല്‍വ

.
ചേരുവകകള്‍

നേന്ത്രപ്പഴം - 500 ഗ്രാം
പഞ്ചസാര - 400 ഗ്രാം
പാല്‍ - 1 കപ്പ്
വെള്ളം - 2 കപ്പ്
ആട്ട -50 ഗ്രാം
റവ - 50 ഗ്രാം
ബദാം - 10 ഗ്രാം
കശുവണ്ടി - 20 ഗ്രാം
ഉണക്ക മുന്തിരി - 10 ഗ്രാം വീതം
ഡാല്‍ഡ/നെയ്യ് 50 ഗ്രാം

തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം ആവിയില്‍ പുഴുങ്ങി തൊലികളഞ്ഞ് മിക്സിയില്‍ നന്നായ് ഉടച്ചെടുക്കുക. പഞ്ചസാര വെള്ളത്തില്‍ ലയിപ്പിച്ച് നേന്ത്രപ്പഴവും പാലും ചേര്‍ത്ത് ഇളക്കി വയ്ക്കുക. റവയും ആട്ടയും വറുത്ത് വെയ്ക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് നന്നയ് ചൂടാക്കി, ബദാം പരിപ്പ്, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുക്കുക. അതിലേക്ക് നേന്ത്രപഴവും, പഞ്ചസാരയും പാലും ചേര്‍ത്ത് ഇളക്കിയ മിശ്രിതം ഒഴിച്ച് ചൂടാക്കുക. അതിനുശേഷം ആട്ടയും റവയും ഇട്ട് ഇളക്കി കുറുകുമ്പോള്‍ ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി അതിലേക്ക് പകര്‍ന്ന് തണുക്കാന്‍ അനുവദിക്കുക. നേന്ത്രപ്പഴം ഹല്‍‌വ റെഡി.

Wednesday 26 August 2009

പാവക്ക പുളി കൂട്ട്‌

.
ചേരുവകകള്‍

പാവക്ക വലുത് - 1എണ്ണം
വാളന്‍ പുളി - 10 ഗ്രാം
പച്ചമുളക് - 2 എണ്ണം
ഇഞ്ചി - ഒരു ടീസ്​പൂണ്‍
സവാള വലുത് - 1എണ്ണം
ചെറിയ ഉള്ളി ചതച്ചത് - 5 എണ്ണം
വെളിച്ചെണ്ണ - 1 ടേബിള്‍സ്​പൂണ്‍
കടുക് - 1/2 ടീസ്​പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
കറിവേപ്പില - 2 തണ്ട്
തേങ്ങാ രണ്ടാം പാല്‍ - 1 കപ്പ്
കട്ടി തേങ്ങാപ്പാല്‍ - 1/2 കപ്പ്
ഉപ്പ് - പാകത്തിന്.
മഞ്ഞള്‍പൊടി - 1/2 സ്പൂണ്‍
മുളകുപൊടി - 1 സ്പൂണ്‍
മല്ലിപൊടി - 1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പച്ചമുളക്, ഇഞ്ചി, സവാള ചെറുതായ് അരിഞ്ഞെടുക്കുക. പാവക്ക അര ഇഞ്ച് നീളത്തില്‍ അരിഞ്ഞത് അല്‍‌പം ഉപ്പും മഞ്ഞളും പുരട്ടി 10 മിനുട്ട് വെക്കുക. അതിനുശേഷം നന്നായ് വെള്ളത്തില്‍ കഴുകി എടുക്കുക. പാവക്കയുടെ കയ്‌പ് കുറയണമന്നുള്ളവര്‍ പാവക്ക അല്പം മഞ്ഞളും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ പതിനഞ്ച് മിനുട്ട് ഇട്ടുവയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചണ്ണ ചൂടാക്കി കടുക് താളിച്ച്, വറ്റല്‍ മുളക്, കറിവേപ്പില, സവാള, ഇഞ്ചി, പച്ചമുളക്, ഉള്ളി ചതച്ചത്, കഴുകി വച്ചിരിക്കുന്ന പാവക്ക എന്നിവ ഒരു ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, മല്ലിപൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ച്, ഒന്നാം പാലും, പിഴിഞ്ഞെടുത്ത പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാത്രം അടച്ച് ചെറുതീയില്‍ വേവിക്കുക. പാവക്ക വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ കട്ടി തേങ്ങാപ്പാല്‍ ചേര്‍ത്ത് വീണ്ടും മൂന്നു മിനുട്ട് തിളപ്പിച്ച് അടുപ്പില്‍നിന്നും വാങ്ങുക. ചോറിനോടൊപ്പം വിളമ്പാവുന്ന നല്ല ഒരു സൈഡ് ഡിഷാണിത്.

Monday 24 August 2009

ഓണ വിഭവങ്ങള്‍-ആമുഖം


മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണ് ഓണം. ഒരു നല്ല കാലത്തിന്റെ ഓര്‍മ്മപുതുക്കിയും, ഒരിക്കലും വരില്ലന്നറിഞ്ഞുകൊണ്ടുതന്നെ ആ സുവര്‍ണ്ണകാലം വീണ്ടും വരുമെന്നുപ്രതീക്ഷിച്ചും ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നു. ജന്മനാട്ടിലെ പൂക്കാലസുഗന്ധം സമ്മാനിക്കുന്ന ഓണം മറുനാടന്‍മലയാളികളെ സംബന്ധിച്ചിടത്തോളം കേരളത്തിലേക്കാള്‍ പ്രിയമാണ്. സ്‌നേഹം, സമൃദ്ധി, ഉത്സവം എന്നിവയുടെ ആഘോഷമാണ് ഓരോ മലയാളിക്കും ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്ന ഈ ഉല്‍സവത്തിന്റെ പ്രധാന ഇനങ്ങളിലൊന്ന് ഓണ സദ്യതന്നയാണ്. ഓണസദ്യയില്‍ നാടന്‍ വിഭവങ്ങളാണ് എന്നും ലോകത്തെവിടയുമുള്ള മലയാളികള്‍ വിളമ്പുന്നതും. അതിനാല്‍ നാളമുതല്‍ ഓണം വിഭവങ്ങള്‍ ഒരോന്നായി ഇവിടെ പോസ്റ്റുചെയ്യുന്നതാണ്. പരിപ്പ്, സാമ്പാര്‍, അവിയല്‍, ഓലന്‍, പച്ചടി, കിച്ചടി തുടങ്ങിയ നാടന്‍ വിഭവങ്ങളും പായസവും ഒപ്പം ഏത് അവസരത്തിലും വിളമ്പാവുന്ന ഡസേര്‍ട്ടായ ആപ്പിള്‍ ഹല്‍‌വയും ഇതില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. എല്ലാവര്‍ക്കും ഹ്യദയം നിറഞ്ഞ ആസംസകളോടെ

സസ്നേഹം
പ്രശാന്ത് ആര്‍ ക്യഷ്‌ണ