Friday 16 January 2009

അവല്‍ മധുരം.


പലതരത്തില്‍ അവല്‍ മധുരം വീടുകളില്‍ ഉണ്ടാക്കാറുണ്ട്. കാപ്പി സല്‍ക്കാരത്തിന് ഉപയോഗിക്കുന്ന അവല്‍ മധുരം ഉണ്ടാക്കുന്ന വിധമാണ് ഇവിടെ പറയുന്നത്.

ചേരുവകകള്‍

നാടന്‍ അവില്‍ - 4 കപ്പ്
കടലപരിപ്പ് - 1/2 കപ്പ്
ശര്‍ക്കര - 2 കപ്പ്
തേങ്ങ - 1 എണ്ണം
ഏലയ്ക്ക- 10 എണ്ണം തൊലി കളഞ്ഞ് പൊടിച്ചത്.
ജീരകം പൊടിച്ചത് - 1/2 ടീസ്പൂണ്‍

തേങ്ങ ചെറുതായി ചിരവി വെയ്ക്കുക. കടലപരിപ്പ് അല്പം നെയ്യില്‍ വറുത്തുകോരുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ചെറുതീയില്‍ ശര്‍ക്കര പാവ് കാച്ചുക. ഒരു വിധം നന്നായ് കുറുകുമ്പോള്‍ തേങ്ങ, ഏലയ്‌ക്കാപ്പൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി‍ യോജിപ്പിച്ച് വാങ്ങുക. അതിനു ശേഷം അവലും വറുത്തുവച്ച കടലപരിപ്പും ഇട്ട് യോജിപ്പിക്കുക. അവല്‍ മധുരം തയ്യാര്‍.

Wednesday 14 January 2009

സാമ്പാര്‍


ദക്ഷിണേന്ത്യന്‍ വിഭവമായ സാമ്പാര്‍ തമിഴ്‌നാടിന്റെ സംഭാവനയാണ്. പല സ്ഥലങ്ങളില്‍ പലതരത്തില്‍ ഉണ്ടാക്കാറുണ്ട്. ഇവിടെ പറയുന്നത് ചോറിനൊപ്പം കറിയായ് കഴിക്കുന്ന തരമാണ്.

ചേരുവകകള്‍

തുവരപ്പരിപ്പ് - 4 ടീ സ്പൂണ്‍
ഉരുളക്കിഴങ്ങ് - വലുത് 1
സവാള - വലുത് 1
പച്ച തക്കാളി - ചെറുത് 3
വെണ്ടക്ക- 4
മുരിങ്ങാക്കായ - 2
പച്ചമുളക് - 5 എണ്ണം
ഇമ്പുളി/പിഴുപുളി - നെല്ലിക്ക വലുപ്പത്തില്‍
സാമ്പാര്‍ പൗഡര്‍ - 3 ടീ സ്പൂണ്‍
കായം/കായപൊടി- ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്.

ഉരുളകിഴങ്ങ 16 കഷണങ്ങളായും സവാള 8 തക്കാളിയും വെണ്ടക്ക 4 കഷണങ്ങളായും മുറിക്കുക. മുരിങ്ങകായ ചെറുവിരലിന്റെ വലുപ്പത്തില്‍ മുറിച്ച് രണ്ടായി കീറുക. പച്ചമുളക് രണ്ടായി കീറുക.

തുവരപ്പരിപ്പ് പകുതി വേവാകുമ്പോള്‍, ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങാക്കായ വെണ്ടക്ക തക്കാളി പച്ചമുളക് എന്നിയിട്ട് പുളി വെള്ളംവും ആവശ്യമായ ഉപ്പും ഇട്ട് വേവിക്കുക. അതിനു ശേഷം സാമ്പാര്‍ പൗഡറും കായവും ഇട്ട് നന്നായി തിളപ്പിച്ച്ടുക്കുക. കടുകും വറ്റല്‍ മുളക് പൊട്ടിച്ചതും, കറിവേപ്പിലയും വെളിച്ചെണ്ണയില്‍ താളിച്ച് ഒഴിക്കുക. സാമ്പാര്‍ റെഡി

Tuesday 13 January 2009

പച്ചത്തക്കാളിച്ചമ്മന്തി


എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കവുന്ന ഒരു വിഭവമാണ് പച്ചത്തക്കാളിച്ചമ്മന്തി. പലസ്ഥലങ്ങളില്‍ പലവിധത്തില്‍ ഉണ്ടാക്കാറുണ്ട്.


പച്ചത്തക്കാളി- 3 എണ്ണം
വെളുത്തുള്ളിയല്ലി - 3 എണ്ണം
ചുവന്നുള്ളി-3 എണ്ണം
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - ഒരു തണ്ട്
തേങ്ങ- 3 ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്

പച്ച തക്കാളി കഴുകിയെടുത്ത് ഓരോന്നും പന്ത്രണ്ട് കഷണങ്ങളാക്കി മുറിക്കുക. തക്കാളിയും മറ്റു ചേരുവകകളും കൂടി കുറച്ച് പാചകയെണ്ണയൊഴിച്ച് ഒരു മിനിട്ടു നേരം ചെറുതീയില്‍ വഴറ്റുക. ഉപ്പും, തേങ്ങയും വെള്ളം ചേര്‍ക്കാതെ അരച്ചതിനുശേഷം, വഴറ്റിവച്ച ചേരുവകകള്‍ കൂടി അരച്ച തേങ്ങയുമായ് മിക്സ്ചെയ്ത് നന്നായ് അര‍ച്ച് എടുക്കുക.

N.B: പച്ചമുളകിനു പകരം ചുവന്നമുളകും ഉപയോഗിക്കവുന്നതാണ്

Sunday 11 January 2009

ഗോപീമഞ്ചൂരിയന്‍


പ്രത്യേകിച്ച് യാതൊരു വിധ വിഭവങ്ങളോടും അമിത പ്രിയം ഇല്ലങ്കിലും ഏറ്റവും ഇഷ്‌ടപ്പെട്ട ഡിഷ് ഏതന്ന ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടപ്പോള്‍ എന്നും നാവില്‍ വരുന്ന വിഭവം ഗോപീമഞ്ചൂരിയന്‍ ആണ്. അതുകൊണ്ട് നളപാചകത്തിലും ആദ്യം ഗോപീമഞ്ചൂരിയന്‍ തന്നെ ആകട്ടെ.

ചേരുവകകള്‍

കോളിഫ്ലവര്‍ - 1 എണ്ണം.
മൈദ - 1/2കപ്പ്.
കോണ്‍ഫ്ലോര്‍ - 1/2 കപ്പ്.
സവാള - 4 എണ്ണം.
വെളുത്തുള്ളി - 12 അല്ലി.
ഇഞ്ചി - ഒരു ചെറിയ കഷണം.
ടൊമാറ്റോ സോസ് - 3 ടീസ്പൂണ്‍.
സോയ സോസ് - 3 ടീസ്പൂണ്‍.
ചില്ലി സോസ് - 3 ടീസ്പൂണ്‍.
പച്ചമുളക് - 4 എണ്ണം.
മല്ലിപ്പൊടി - 1/2 ടീ സ്പൂണ്‍
മുളകുപൊടി - 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു നുള്ള്
എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
മല്ലിയില അരിഞ്ഞത് - ആവശ്യത്തിന്

സവാള കനം കുറച്ച് അരിഞ്ഞെടുക്കുക. വെളുത്തുള്ളിയും ഇഞ്ചിയും കൊത്തിയരിയുക. പച്ചമുളക് വട്ടത്തില്‍ ചെറുതയി അരിഞ്ഞെടുക്കുക.

അല്‍പം ഉപ്പിട്ട ഇളം ചൂടുവെള്ളത്തില്‍ കോളിഫ്ലവര്‍ അടര്‍ത്തിയിട്ട് വൃത്തിയാക്കിയെടുക്കുക. മൈദയും, കോണ്‍ഫ്ലോറും,അല്പം മുളകുപൊടിയും, മഞ്ഞള്‍പൊടിയും, ഉപ്പും ഇളം ചൂടുവെള്ളം ചേര്‍ത്ത് യോജിപ്പിച്ച് കുഴമ്പുപരുവത്തിലാക്കുക.കോളിഫ്ലവര്‍ ഇതില്‍ മുക്കി തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കുക.

കുറച്ച് എണ്ണ ചൂടാക്കി, ഇഞ്ചി, പച്ചമുളക്, സവാള എന്നിവയിട്ട് വഴറ്റുക. സവാള നല്ല ബ്രൗണ്‍ കളറാകുമ്പോള്‍ തീ കുറച്ച് മുളകുപൊടിയും മല്ലിപൊടിയും ചേര്‍ത്ത് പച്ചചുവ പോകുന്നപരുവം വരെ ചൂടാക്കിയ ശേഷം സോസുകള്‍ ചേര്‍ക്കുക.

വറുത്തുവെച്ച കോളിഫ്ലവര്‍ ഇതില്‍ ഇട്ട് യോജിപ്പിച്ച് ചൂടാക്കി വാങ്ങി വെയ്ക്കുക. മുകളില്‍ മല്ലിയില തൂവി ചെറുചൂടോടെ ടൊമാറ്റോ സോസ് ചേര്‍ത്ത് കഴിക്കാം.

N.B: ഫ്രൈഡ്-റൈസിന്റെ കൂടെ കഴിക്കവുന്ന നല്ല ഒരു ഡിഷാണ് ഇത്.

Saturday 10 January 2009

സ്‌നേഹപൂര്‍‌വ്വം അമ്മക്ക്


ജീവിതത്തില്‍ എപ്പോഴങ്കിലും ഒറ്റക്കോ അല്ലങ്കില്‍ സുഹ്യത്തുക്കള്‍ക്കൊപ്പമോ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും അകന്ന് ജീവിക്കേണ്ടി വരുന്നവരാണ് അധികം യുവാക്കളും. അങ്ങനെയുള്ള ദിവസങ്ങളില്‍ എന്നും മുന്നില്‍ കീറാമുട്ടിയായ് നില്‍ക്കുന്ന ഒന്നാണ് പാചകം. എന്നും എപ്പോഴും ഹോട്ടല്‍ ഭക്ഷണം കഴിക്കുക എന്നത് അത്ര പ്രായോഗികമല്ല. സ്വന്തമായ് പാചകം ചെയ്താല്‍ രണ്ടു നേട്ടങ്ങളാണ്. ധനലാഭവും അരോഗ്യകരമായ ഭക്ഷണവും.

ഏതാണ്ട് പന്ത്രണ്ടിലേറെ വര്‍ഷങ്ങളായ് പലനഗരങ്ങളിലും, പട്ടണങ്ങളിലും, രാജ്യങ്ങളിലുമായ് താമസിക്കുന്ന എനിക്ക് പാചകം ഒരിക്കലും ഒരു വിഷമം ആയി തോന്നിയിട്ടില്ല. നന്നേ ചെറുപ്പത്തില്‍ തന്നെ അടുക്കളയില്‍ അമ്മയുടെ സഹായി ആയി കൂട്ടി ഞങ്ങള്‍ മക്കള്‍ മൂന്നുപേരയും അത്യാവശ്യം പാചകം അമ്മപഠിപ്പിച്ചുതന്നു. അന്നൊക്കെ അമ്മയോടൊപ്പം അടുക്കളയില്‍ ചിലവഴിക്കുക എന്നത് ഒട്ടും ഇഷ്ടമില്ലാതിരുന്ന കാര്യമായിരുന്നു. എന്നാല്‍ പിന്നീട് മനസ്സിലായി രണ്ടു രീതിയിലുള്ള വിദ്യാഭ്യാസമാണ് ഞങ്ങള്‍ക്ക്
അമ്മ തന്നത് എന്ന്. Education for Life and Education for live. ഇതില്‍ ആദ്യത്തേത് സ്‌കൂളിലും കോളജിലും അയച്ച് പഠിപ്പിച്ചുതന്നപ്പോള്‍ രണ്ടാമത്തെത് വീട്ടില്‍ വച്ച് അമ്മതന്നെ പഠിപ്പിച്ചുതന്നു.

ആത്മീയതയും ലൗകികതയും ഇഴപിരിച്ച് അന്ന് അമ്മപഠിപ്പിച്ചുതന്ന പാഠങ്ങള്‍ ജീവിതത്തില്‍ പ്രതിസദ്ധികളെ പുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ ഞങ്ങളെ പ്രാപ്‌തരാക്കി എന്നത് എന്നും അമ്മയോടുള്ള സ്‌നേഹത്തിന് മാറ്റുകൂട്ടുന്നു. അന്ന് അടുക്കളയില്‍ നിന്നും അമ്മ പറഞ്ഞുതന്ന ചില പാചകവിധികള്‍ ഞാന്‍ ഇവിടെ പങ്കുവയക്കാന്‍ ആഗ്രഹിക്കയാണ്.


സമര്‍പ്പണം

-എന്നും സ്‌നേഹത്തില്‍ ചാലിച്ച പൊതിചോറുകളും അച്ചാറുംകളും ചമ്മന്തിപൊടിയും ഒക്കെ നിറച്ച ബാഗ് എടുത്ത് കൈയ്യില്‍ പിടിപ്പിച്ചു സന്തോഷത്തോട ഓരോ അവധിക്കാലംകഴിയുമ്പോഴും യാത്രയാക്കുന്ന എന്റെ അമ്മക്ക് -