Wednesday 25 November 2009

സാമ്പാര്‍ ചരിതം

.
സാമ്പാര്‍ എന്നാല്‍ മലയാളിക്ക് ഊണിനായലും ലഘുഭക്ഷണത്തിനായലും ഒരു പ്രധാനയിനം തന്നയാണ്. ആര്യഭവന്‍ ഹോട്ടലുകളില്‍ ചെന്നാല്‍ സാമ്പാറും കൂട്ടി രണ്ടു ഉഴുന്നുവട കഴിക്കാത്ത മലയാളികളുണ്ടാവില്ല. താലത്തിന്റെ വശത്തായ് ചെറുപാത്രങ്ങളില്‍ മുളകുചുട്ടെടുത്ത് അരച്ച തേങ്ങാചമ്മന്തിയും, അല്‌പം ചട്നിയും, സാമ്പാറും, ആവിപറക്കുന്ന ഇഡ്ഡലിക്കോ ദോശക്കോ അകമ്പടിയായ് എത്തുമ്പോള്‍, ഉച്ചക്കും വൈകിട്ടും ഊണിനൊപ്പം സാമ്പാര്‍ മലയാളിയുടെ ഇഷ്ട വിഭവമായ് തീന്മേശയിലെത്തുന്നു. ജാതിമത വ്യത്യാസമോ പ്രായഭേദമോ ഇല്ലാതെ എല്ലാ മലയാളികളും കഴിക്കുന്ന കറിയും സാമ്പാറുതന്നെ.

തെക്കെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സാമ്പാറും അതിന്‍റെ വകദേദങ്ങളുമുണ്ട്. എന്നാല്‍ കര്‍ണ്ണടകയെയും, ആന്ധ്രായേയും കേരളം പിന്നിലാക്കിയങ്കിലും, സാമ്പാര്‍ പ്രിയരില്‍ മുന്നില്‍ തമിഴര്‍തന്നെ. പരിപ്പ് വേവിച്ച്, ഉരുളകിഴങ്ങ്, സാവാള, വെണ്ടക്ക തുടങ്ങിയ പച്ചക്കറികള്‍ ഇട്ട് വേവിച്ച് കുറുകിയ സാമ്പാറാണ് സാധാരണയായ് കേരളത്തിലും, തമിഴ്‌നാട്ടിലും പ്രധാനം. ഏതങ്കിലും ഒരു പച്ചക്കറിമാത്രം ഉപയോഗിച്ച് വയ്ക്കുന്ന സാമ്പാറാണ് കര്‍ണ്ണാടകയിലും, ആന്ധ്രാപ്രേദേശിലും കൂടുതല്‍ പ്രചാരത്തിലുള്ളത്. വഴുതനങ്ങാ സാമ്പാര്‍, വെണ്ടക്ക സാമ്പാര്‍, റാഡിഷ് സാമ്പാര്‍ തുടങ്ങിയവയാണ് അവര്‍ക്ക് ഏറെ പ്രിയം.

ദക്ഷിണേന്ത്യന്‍ വിഭവമായാണ് സാമ്പാറിനെ കരുതുന്നതങ്കിലും, മഹാരാഷ്‌ട്രയിലാണ് സാ‍മ്പാറിന്‍റെ ഉത്ഭവം. മറാത്ത ചക്രവര്‍ത്തി ഛത്രപതി ശിവാജിയുടെ മകന്‍ സാംബാജി ഒരു ദിവസം കൊട്ടാരത്തില്‍ വന്നപ്പോള്‍ അവിടെ ഭാര്യയും മകനും ഇല്ലായിരുന്നു. വളരെ വിശപ്പുണ്ടായിരുന്ന സാംബാജി തന്റെ പാചക നൈപുണ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചു. ദാല്‍ എന്ന പരിപ്പുകറി ഉണ്ടാ‍ക്കാനാരംഭിച്ച സാംബാജി, പരിപ്പു വേവിച്ച് അതിലല്‍പ്പം പുളിയും, ഉപ്പും, എരിവും ചേര്‍ത്തു. സാംബാജിയുടെ ഈ ദാല്‍ കറിയാണ് രുചികരമായ സാമ്പാറായി പരിണമിച്ചത്. കച്ചവടത്തിനായ് പിന്നീട് തമിഴ്‌നാട്ടിലേക്ക് വന്ന മറാത്തികള്‍ സാംബാജിയുടെ ഈ പുതിയ ദാല്‍കറിയും തങ്ങളോടൊപ്പം കൊണ്ടുവന്നു. തഞ്ചാവൂരില്‍ വന്നുപോകുന്ന മറാത്തികളില്‍ നിന്നും തഞ്ചാവൂര്‍ തമിഴ് ബ്രാഹ്മണര്‍ സാംബാജിയുടെ ഈ ദാല്‍ക്കറിയില്‍ പലതരം പച്ചക്കറികളും കായവും ചേര്‍ത്ത് സവിശേഷമായ രുചിഭേദം ഉണ്ടാക്കിയെടുത്തു. അങ്ങനെ തഞ്ചാവൂരിലെ അഗ്രഹാരത്തെരുവുകളില്‍ നിന്നാണ് തെക്കെ ഇന്ത്യ മുഴുവന്‍ സാമ്പാര്‍ മണം പരന്നത്.